ഞായറാഴ്‌ച, ഒക്‌ടോബർ 25, 2009

പ്രവാസിയുടെ വോട്ട് സ്വപ്നം പൂവണിയുന്നു?


ഇരയില്ലാത്ത ചൂണ്ടയിലേക്ക്‌ മല്‍സ്യം കൊത്താന്‍ വരുമ്പോള്‍ പിറകോട്ട്‌ വലിക്കുന്ന പോലെയാണ്‌ പ്രവാസിയുടെ വോട്ടവകാശം.. ഒന്നുകില്‍ കൊത്താന്‍ അനുവദിക്കുക അല്ലെങ്കില്‍ ഇരയുള്ള ചൂണ്ടയിടുക.. മാറി മാറി വരുന്ന സര്‍ക്കാറുകള്‍(സംസ്ഥാനം/കേന്ദ്രം) ഇതുപോലെ നമ്മളെ മക്കാറാക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി.. കേന്ദ്രത്തില്‍ എത്ര മലയാളി മന്ത്രിമാര്‍ വന്നാലും ഇനിയവര്‍ക്ക്‌ വിദേശകാര്യമോ പ്രവാസികാര്യമോ വകുപ്പായിക്കിട്ടിയാലും വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസിയുടെ വോട്ടുസ്വപ്നം ഇന്നും മരുക്കാറ്റേറ്റ്‌ തളരുന്നു എന്നത്‌ ഒരു ദു:ഖ സത്യം.. പ്രവാസി സംഘടനകളുടെ ഒച്ചയും ബഹളവും കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ല.. എങ്ങനെ കേള്‍ക്കാനാ, കോട്ടും സ്യൂട്ടുമിട്ട്‌ നാട്ടില്‍ നിന്ന്‌ ഏതൊരു 'രാജ്യസേവകന്‍' വന്നാലും കയ്യും നീട്ടി സ്വീകരിക്കാനും അവര്‍ തന്നെ മുന്നില്‍..
ഇതാ ഒരു ഇരയുള്ള ഒരു ചൂണ്ട ഇപ്പോള്‍ പ്രവാസികള്‍ക്ക്‌ ചെറിയൊരു പ്രതീക്ഷ നല്‍കുന്നു. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ നാട്ടിലുള്ള പ്രവാസികള്‍ക്ക്‌ വോട്ടുചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത്‌ കേന്ദ്രസര്‍ക്കാറാണ്‌. കൂട്ടിക്കിഴിച്ച്‌ നോക്കി എന്തു തീരുമാനമെടുക്കുമെന്ന്‌ കണ്ടറിയണം. നിലവിലെ തെരെഞ്ഞെടുപ്പ്‌ നയമനുസരിച്ച്‌ 6 മാസത്തില്‍ കൂടുതല്‍ സംസ്ഥാനം വിട്ടുനിന്നാല്‍ സ്വാഭാവികമായും വോട്ടര്‍ പട്ടികയില്‍ നിന്നും പേര്‌ നീക്കം ചെയ്യപ്പെടും.അതുകൊണ്ട്‌ പ്രവാസികളുടെ പേരുകളൊന്നും ഇപ്പോള്‍ പട്ടികയിലുണ്ടാവാന്‍ സാധ്യത കുറവാണ്‌, എപ്പോഴെങ്കിലും ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്‌ കൈപ്പറ്റിയവരാണെങ്കിലും പട്ടികയില്‍ പേരില്ലാതെ അവര്‍ക്ക്‌ വോട്ടുചെയ്യാനാവില്ല. ഇനി 'വോട്ടണ'മെങ്കില്‍ തന്നെ ആദ്യം നാട്ടില്‍ ചെന്ന്‌ പേര്‌ ചേര്‍ക്കണം.. ഈ നിയമം ഭേദഗതി ചെയ്തില്ലെങ്കില്‍ അടുത്ത തവണ വോട്ടിന്‌ ചെല്ലുമ്പോഴേക്കും നമ്മുടെ പേര്‌ 'ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍' (തെരെഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ സ്റ്റൈലില്‍ പറഞ്ഞതാണ് - താമസം മാറിയവരും മരിച്ചവരും ഉള്‍പ്പെടുന്ന പട്ടിക, പ്രവാസിയും ഒരു കണക്കിന്‌ മരിച്ചു കൊണ്ടിരിക്കയാണല്ലോ) സ്ഥാനം നേടിയിട്ടുണ്ടാവും. അയ്യോ സോറി, ഞാന്‍ ഒരുപാടങ്ങു ചിന്തിച്ച്‌ പോയി. ആദ്യം ഒരു വോട്ട്‌ ചെയ്യാന്‍ പറ്റിയാല്‍ മതിയായിരുന്നു, എന്നിട്ടല്ലേ അടുത്തത്‌.

ഏതായാലും പ്രവാസികളെല്ലാം അവരുടെ വെക്കേഷന്‍ ഇലക്ഷന്‍ സമയത്തേക്ക്‌ പ്ളാന്‍ ചെയ്യുക.. പ്രവാസരാഷ്ട്രീയ സംഘടനകള്‍ ജാഗ്രതൈ !!! മുമ്പ്‌ ഒരു പ്രവാസ രാഷ്ട്രീയ നേതാവിണ്റ്റെ കുടുംബത്തിലെ വിവാഹ ചടങ്ങിന്‌ നാട്ടില്‍ നിന്നും വിമാനക്കൂലി മുടക്കി അണികളെ കൊണ്ടുവന്നപോലെ ഇനി വോട്ട്‌ സമയത്ത്‌ പ്രവാസികള്‍ക്ക്‌ യാത്രകൂലിയും ആനുകൂല്യങ്ങളും നല്‍കി നാട്ടിലെത്തിക്കാന്‍ മല്‍സരിക്കുക !.
കടപ്പാട്‌: ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ബഹ്‌റൈന്‍ പ്രവാസിയും കോഴിക്കോട്‌ സ്വദേശിയുമായ ഷിഹാസ്‌ ബാബുവിന്‌.. ഒപ്പം അഡ്വ. കാളീശ്വരം രാജിനും..

10 അഭിപ്രായങ്ങൾ:

Rafeeq Babu പറഞ്ഞു...

തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ നാട്ടിലുള്ള പ്രവാസികള്‍ക്ക്‌ വോട്ടുചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത്‌ കേന്ദ്രസര്‍ക്കാറാണ്‌. കൂട്ടിക്കിഴിച്ച്‌ നോക്കി എന്തു തീരുമാനമെടുക്കുമെന്ന്‌ കണ്ടറിയണം.

ഉറുമ്പ്‌ /ANT പറഞ്ഞു...

എന്നാൽ നമുക്ക് ഇലക്ഷൻസമയത്ത് ഓസിനു നാട്ടിൽ പോകാം അല്ലേ. ഹോ എല്ലാമാസവും ഇലക്ഷൻ നടക്കട്ടെ എന്നു പ്രാർഥിക്കാം. :)

കുളക്കടക്കാലം പറഞ്ഞു...

ജനാധിപത്യത്തില്‍ മറ്റൊന്നും ലഭിച്ചില്ലെങ്കിലും വോട്ടിടുമ്പോഴുള്ള ഒരു 'കോള്‍മയിര്‍കൊള്ളല്‍' (അതില്ലെങ്കില്‍ എത്ര ബോറാ‌ ഈ ജനാധിപത്യം) അതിനപ്പുറം നമുക്കെന്തുവേണ്ടൂ.ഒരു കവിതാശകലം ഓര്‍ക്കുന്നു.
"ബാലറ്റ് പെട്ടിയിലേക്ക്
മനസമ്മതം മടക്കിയിട്ട
ഗോത്രവര്‍ഗക്കാരി പെണ്‍കുട്ടിയുടെ
മോതിരവിരലില്‍ കരിന്തേള്‍ കുത്തി
ബാലറ്റ്പേപ്പറില്‍ ചിഹ്നങ്ങള്‍ക്ക്‌ പകരം
ക്ഷുദ്ര ജീവികളുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്"

Rafeeq Babu പറഞ്ഞു...

ഉറുമ്പ്, പോസ്റ്റ്‌ തലക്കെട്ടിലെ ചോദ്യചിഹ്നം ഉള്ളെടത്തോളം കാലം ദീനാര്‍ മുടക്കി നമ്മള്‍ തന്നെ ടിക്കട്ടെടുക്കേണ്ടി വരും.
കുളക്കട, ഇതുപോലെ കവിത ചൊല്ലി നമുക്ക് കോള്‍മയിര്‍കൊള്ളാം.
കമന്റിയതിനു ശരിക്കും നന്ദി...

തിരൂര്കാരന്‍ പറഞ്ഞു...

ഇതൊക്കെ നടക്കാന്‍ പോകുന്ന കാര്യമാണോ? വെറുതെ..
വളരെ ചെറുപ്പത്തില്‍ പ്രവാസി ആയതു കാരണം ഇന്ന് വരെ വോട്ടു രേഖപെടുതിയിട്ടില്ല.. ഇന്നോര്‍കുമ്പോള്‍ അത് നന്നായി എന്ന് തോന്നുകയാ.. ഒരു വലിയ മാറ്റം ഞാന്‍ സ്വപ്നം കാണുന്നു.. അന്ന് എന്റെ വിലപെട്ട വോട്ടു ഞാന്‍ വിനിയോഗിക്കും..അന്ന് മാത്രം..

പള്ളിക്കുളം.. പറഞ്ഞു...

പ്രവാസീ..
വരമൊഴി പടവാളാക്കി എങ്ങോട്ടാണ് ഈ പടപ്പുറപ്പാട്?
ലോകസഭാ മണ്ഡലങ്ങൾക്കും നിയമസഭാ മണ്ഡലങ്ങൾക്കും പുറമേ പ്രവാസി മണ്ഡലങ്ങൾക്കൂടി സാധ്യമാകുന്ന ഒരു നാളാണ് പള്ളിക്കുളം സ്വപ്നം കാണുന്നത്.
പ്രവാസികളായ ഫിലിപ്പൈനികൾക്കെല്ലാം വോട്ടുള്ളതായാണറിവ്. അവർ ഇവിടെത്തന്നെ വോട്ടു ചെയ്യുന്നു.
നമ്മൾ പ്രവാസി രാഷ്ട്രീയ സംഘടനകൾ രൂപീകരിച്ച് നാട്ടിലെ രാഷ്ടീയക്കാരെ അനുകൂലിച്ചും കാശുമുടക്കി കാമ്പയിൻ സംഘടിപ്പിച്ചും രാഷ്ട്രീയ ഗീർവാണങ്ങൾ വിട്ട് കാലം കഴിച്ചുകൂട്ടുന്നു.
വോട്ടേഴ്സ് ലിസ്റ്റിലും റേഷൻ‌കാർഡിലും പേരില്ലാതെ ഇങ്ങനെ ജീവിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ പങ്കുകാരാ.. ഒന്നു വേറെ തന്നെ..

Rafeeq Babu പറഞ്ഞു...

അറിയിപ്പ് (പെട്ടിക്കോളത്തില്‍): കുവൈത്തിലെ അബ്ബാസിയ, സല്‍മിയ, കുവൈറ്റ്‌ സിറ്റി, ഫഹാഹീല്‍ എന്നീ പ്രവാസി മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി നവംബര്‍ 15 വരെ നീട്ടിയതായി ഇന്ത്യന്‍ എംബസി തെരഞ്ഞെടുപ്പു വിഭാഗം അറിയിച്ചു. പേര് ഉള്‍പ്പെടുത്താന്‍ പാസ്പോര്‍ട്ട്‌ കോപ്പി, താമസം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്‌.. സോറി സിവില്‍ ഐ ഡി എന്നിവ സഹിതം താഴെ കാണുന്ന ഹിയറിംഗ് സെന്റെരുകളില്‍ ഹാജരാകണം. ----എന്താ പള്ളിക്കുളം പോരുന്നോ പേര് ചേര്‍ക്കാന്‍----

പള്ളിക്കുളം.. പറഞ്ഞു...

പള്ളിക്കുളം മണ്ഡലം മാറി.
ഇപ്പോൾ ഷാർജ നിയോജക മണ്ഡലത്തിലാ..
അതുകൊണ്ട് ഞാൻ വരുന്നില്ല. :)

ബഷീർ പറഞ്ഞു...

കാത്തിരുന്ന് കാണാം

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

സ്വന്തം വീടിലെ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് വെട്ടിമാറ്റിയ പ്രവാസിക്ക് വോട്ടവകാശം ...
വളരെ സന്തോഷം തന്നെ ...പ്രവാസി സംഘടനകളുടെ വര്‍ഷങ്ങളോലമായ മുറവിളി
ആയിരുന്നു.എന്നാല്‍ രാഷ്ട്രീയ ബോധം എന്നും നെഞ്ഞിലെട്ടുന്ന സാധാരണക്കാരനായ
ഒരു തൊഴിലാളിക്ക് എങ്ങിനെ പോകുവാന്‍ കഴിയും ഇലക്ഷന്‍ വരുമ്പോള്‍