തിങ്കളാഴ്‌ച, ജനുവരി 25, 2010

ഗര്‍ഭിണി അര്‍ഹിക്കുന്ന ചികിത്സാരീതി

ജീവിത ശൈലീ രോഗങ്ങള്‍ അതിവേഗം വര്‍ധിച്ചുവരുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണ് കേരളം സ്ഥാനമുറപ്പിച്ചിരിക്കുന്നത്. കാര്‍ഷിക സംസ്ഥാനം എന്ന പദവി കൈമോശം വന്ന് ഗള്‍ഫ് മേഖലയെന്ന മുദ്രവന്നതോടെ, പണത്തോടൊപ്പം കുടിയേറിയ പുറംരാജ്യ ശീലങ്ങളാണ് കേരളത്തിന്റെ തനത് ജീവിതശൈലിയെ മാറ്റിമറിച്ചിരിക്കുന്നത്. പൊണ്ണത്തടികള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്നതായും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പഠനങ്ങളും അന്വേഷണങ്ങളും ചൂണ്ടിക്കാട്ടുന്നു. പൊണ്ണത്തടിയന്‍മാരെക്കാള്‍ കൂടുതല്‍ പൊണ്ണത്തടിച്ചികളാണത്രെ ഇവിടെയുള്ളത്.

പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ 'അമ്മനാടാ'യും കേരളം മാറിയിരിക്കുന്നു. ഈ രോഗങ്ങള്‍ക്കെതിരെ നമ്മുടെ ശൈലീമാറ്റയുദ്ധം ഇനിയും വൈകിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു തന്നിട്ടുണ്ട്. ഇല്ലെങ്കില്‍ 2025 ആവുമ്പോഴേക്ക് കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം അഞ്ച് കോടിയായിരിക്കും. ഇപ്പോഴത്തെ ജനസംഖ്യ (3.18 കോടി)യേക്കാള്‍ കൂടുതല്‍. പ്രമേഹം പിടിപെടുന്നതോടെ മറ്റെല്ലാ രോഗങ്ങളിലേക്കുമുള്ള വഴികള്‍ എളുപ്പമായി. അതോടെ, 'നിശãബ്ദ കൊലയാളി' ഓരോ കേരളീയന്റേയും നിഴല്‍ചേര്‍ന്നുള്ള സഞ്ചാരം ആരംഭിക്കുകയായി. നാല്‍പതു ലക്ഷം ആളുകള്‍ ഇപ്പോള്‍ തന്നെ പ്രമേഹരോഗികളായി ഇവിടെയുണ്ട്. ഇതില്‍ 68 ശതമാനത്തിനും രക്തസമ്മര്‍ദവും അധികക്കൊഴുപ്പുമുണ്ട്. പ്രമേഹ ചികില്‍സക്കും പ്രതിരോധത്തിനുമായി പ്രതിവര്‍ഷം പതിനായിരം കോടി രൂപ ചെലവഴിക്കുമ്പോഴാണ് കേരളത്തിന്റെ ഈ ഗതികേട്. ജീവിത രീതിമാറ്റുകയെന്ന പോരാട്ടം തുടങ്ങാതെ ഇത്രയും പണം ചെലവിട്ടിട്ടും എന്തുണ്ട് പ്രയോജനം?



കൊച്ചിയിലെ സെന്റര്‍  ഫോര്‍  സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സി.എസ്.ഇ.എസ്) നടത്തിയ ഒരുപഠനത്തില്‍ പറയുന്നു, കേരളത്തിലെ 99 ശതമാനം പ്രസവങ്ങള്‍ നടക്കുന്നത് ആശുപത്രികളിലാണെന്ന്. പ്രസവിക്കാന്‍ ആശുപത്രികളില്‍ പോവുന്നത് തെറ്റായ ഒരു നടപടിയല്ല. എന്നാല്‍, ഇത്രയധികം ഗര്‍ഭിണികള്‍ എന്തുകൊണ്ട് ആശുപത്രികളില്‍ എത്തുന്നു എന്നത് ഗഹനമായ പഠനവിഷയമാണ്. ദേശീയ തലത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി അധികമാണ് കേരളത്തിലെ ആശുപത്രി പ്രസവം. എന്നിട്ടും അമ്മമാര്‍  കൂടുതല്‍ മരിക്കുന്നതും ഇവിടെത്തന്നെ. ഗര്‍ഭിണികള്‍ അധികമായി ആശുപത്രിയിലെത്തുന്നതിനും ശസ്ത്രക്രിയാ പ്രസവങ്ങള്‍ കൂടുതലായി നടക്കുന്നതിനും പിന്നില്‍ സ്വകാര്യ ആശുപത്രി ഉടമകളുടെ ഏതോ തരം പ്രചോദനമോ സമ്മര്‍ദമോ ഉള്ളത് പരിഗണിച്ചാലും കേരളീയ സ്ത്രീകളുടെ ജീവിത ശൈലി ഈ ഗുരുതരാവസ്ഥകള്‍ക്ക് ഹേതുവാണെന്നാണ് അന്വേഷണങ്ങളും പഠനങ്ങളും നല്‍കുന്ന വിവരം.



സി.എസ്.ഇ.എസിന്റെ തന്നെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് സംസ്ഥാനത്തെ പ്രസവങ്ങളില്‍ 30.1 ശതമാനവും സിസേറിയന്‍ വഴിയാണെന്നാണ്. ദേശീയ തലത്തില്‍ ഇത് എട്ടര ശതമാനമാണ്. 15 ശതമാനത്തില്‍ കൂടുതല്‍ ശസ്ത്രക്രിയാ പ്രസവങ്ങള്‍ ഉണ്ടാവരുതെന്ന് ലോകാരോഗ്യ സംഘടന ശാസിച്ചിട്ടുമുണ്ട്. കേരളത്തിന് ആ കണക്കുകള്‍ വേണ്ട. ഏത് വയറും മൂപ്പെത്തും മുമ്പുതന്നെ കീറിക്കളയാം എന്നിടത്താണ് നമ്മുടെ പല സ്വകാര്യ ആശുപത്രികളുമുള്ളത്. പുതിയ തലമുറയിലെ പെണ്‍കുട്ടികളും ഇതെളുപ്പമാക്കി എടുക്കുന്നു എന്നതാണ് നേര്. സ്വാഭാവിക പ്രസവത്തിന് കാത്തിരിക്കുക; നൊന്തുപ്രസവിക്കുക തുടങ്ങിയ ശീലങ്ങളും യാഥാര്‍ഥ്യങ്ങളും അപരിഷ്കൃതമായി തള്ളിക്കളയുകയാണ്. ഈ വാദത്തെ ഖണ്ഡിക്കുന്ന കേരളത്തിലെ ഡോക്ടര്‍മാര്‍ക്കുള്ള മറുപടിയാണ് സി.എസ്.ഇ.എസിന്റെ പഠന റിപ്പോര്‍ട്ട്.



കേരളീയ സമൂഹത്തിന്റെ തനത് ജീവിത രീതി അട്ടിമറിച്ച ഗര്‍ഭിണികളും പണക്കൊതിയരായ ആശുപത്രി അധികൃതരും ഒരുമിക്കുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തെറ്റുന്നത്. സുഖപ്രസവത്തിന് സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണക്രമങ്ങളോ വ്യായാമമുറകളോ ഉപദേശിക്കുകയല്ല, ഏത് പ്രതിസന്ധിയിലും ശസ്ത്രക്രിയ രക്ഷക്കുണ്ടെന്ന ധൈര്യം പകരുകയാണ് കേരളത്തിലെ ഗൈനക്കോളജിസ്റ്റുകളെന്ന് പരാതിയുണ്ട്. സ്വകാര്യ ആശുപത്രികളെ സംബന്ധിച്ചിടത്തോളം പണപ്പെട്ടി നിറക്കാനുള്ള എളുപ്പവഴി സര്‍ജറി തന്നെയാണ്. വയറെങ്കില്‍ വയറ്, ഹൃദയമെങ്കില്‍ ഹൃദയം! ഒരുവേള ലോകത്ത് ഏറ്റവും കൂടുതല്‍ കുത്തിത്തുറക്കപ്പെടുന്നത് മലയാളികളുടെ വയറും ഹൃദയവും തന്നെയാവും.



ഗര്‍ഭത്തിന്റെ അവശതകളും നിസ്സഹായതകളും അസന്ദിഗ്ധ ഘട്ടങ്ങളില്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെടുകയാണ്. സിസേറിയന്‍ വഴി പ്രസവിക്കുന്ന അമ്മ, അടുത്ത പ്രസവത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ഓരോ ഡോക്ടറും വിദഗ്ധമായി അമ്മമാരുടെ വയറുകള്‍ തുറക്കുന്നത്. സര്‍ജറി ഇല്ലാതെ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നതിലാണ് തൊഴില്‍പരമായ മിടുക്ക് എന്നല്ല പുതിയ കാലത്തെ പല ഡോക്ടര്‍മാരുടെയും ചിന്ത. സ്വകാര്യ ആശുപത്രികളില്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ തന്നെ ആശുപത്രി ഉടമകളുമായുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥ പൂര്‍ത്തിയാക്കണമെങ്കിലും ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിപ്പിച്ചേ പറ്റൂ.



ശാസ്ത്രം വികസിക്കുകയോ ശാസ്ത്രത്തിന്റെ സാങ്കേതികത്തികവുകള്‍ നമുക്ക് ലഭ്യമാവുകയോ ചെയ്യുന്നതിന് മുമ്പുള്ള കാലത്തേക്ക് തിരിച്ചുപോവണമെന്നല്ല ഈ പറഞ്ഞതിനര്‍ഥം. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത കേരളത്തിലെ വര്‍ധിച്ച സിസേറിയന്‍ സംവിധാനം വിലയിരുത്തിക്കൊണ്ടുള്ള വിശകലനം മാത്രമാണിത്. ഈ ആശുപത്രിപ്രസവ  ബഹളങ്ങള്‍ക്കിടയിലും മലബാറില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ആശുപത്രികളുള്ള മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1250 ഓളം പ്രസവങ്ങള്‍ വീടുകളില്‍ നടന്നിരിക്കുന്നു. 


പിന്നിട്ട ഓരോ വര്‍ഷങ്ങളിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവം കുറഞ്ഞുവരികയാണ്. സ്വകാര്യ ആശുപത്രികളിലെ തൃപ്തികരമായ സൌകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലെ അസൌകര്യങ്ങളുമാണ് ഇതിന് കാരണം. എന്നാല്‍, സ്വകാര്യ ആശുപത്രികള്‍ കൈയൊഴിയുന്ന സംഭവങ്ങള്‍ നമ്മുടെ മെഡിക്കല്‍ കോളജുകളിലാണ് എത്തുന്നതെന്ന വസ്തുത മറച്ചുവെക്കാനാവുകയില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്‍ നടത്താറുള്ളൂ എന്നതും ഓര്‍ത്തിരിക്കണം.



കൃത്യമായ ജീവിത ശൈലീ പരിശീലനത്തിലൂടെ ഗര്‍ഭിണികളെ സുഖപ്രസവത്തിന് സജ്ജമാക്കാനാവുമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ വിദഗ്ധര്‍ ഇതിനിടയിലും നമുക്കൊപ്പമുണ്ട്. അവര്‍ നമ്മുടെ പ്രതീക്ഷ തന്നെയാണ്. പണംമോഹികള്‍ തല്ലിക്കെടുത്തുമ്പോഴും അണയാതെ നില്‍ക്കുന്ന പ്രതീക്ഷ.
കടപ്പാട് : മാധ്യമം ദിനപത്രം